Jul 4, 2009

രാധാരോധനം..

കാമാര്‍ദ്രയായി ഞാന്‍
വൃന്ദാവനത്തിലെ,
വള്ളിക്കുടിലിലേക്കിന്നലേ
പോകവേ,

വഴിവക്കിലുരുമര
കൊമ്പിലെ പക്ഷികള്‍
പ്രേമാര്‍ദ്രരായി
കൊക്കുകള്‍ ഉരുമ്മിയിരിക്കുന്നു.

പിന്നെയും ചെന്നങ്ങു
പാടവരമ്പത്ത്‌ നിന്നപ്പോള്‍,
ഗോതമ്പു കതിരായി
ആടിയുലയുന്നു.

പാടം കടന്നുരുകാതം
പിന്നെയും ചെന്നപ്പോള്‍,
തഴുതിട്ട വീട്ടിലെ
നിര്‍വൃതി കേട്ടു ഞാന്‍.

എല്ലാം കടന്നെന്റെ
പ്രിയതമന്റെ കുടിലിലേക്കെത്തി ഞാന്‍,
കണ്ടത് പ്രേമാര്‍ദ്ര മിഥുനത്തെയാണഹോ!

തിരികെ നടക്കുമ്പോള്‍,
എന്റെ കണ്ണന്റെ, ഗോപനന്ദന്റെ
പൊള്ളയാം ആശ്രുതം ഓര്‍ത്തോര്‍ത്തു
തേങ്ങിക്കരഞ്ഞു ഞാന്‍.

പോകും വഴിക്കുള്ള
വീടിന്റെ മുറ്റത്ത്‌,
ചുണ്ടും ചുവപ്പിച്ച്
നില്ക്കും തിലോത്തമ!

പിന്നെയും ചെന്നിട്ട്
പാടത്ത് നോക്യപ്പോ,
കതിരിന്റെ ഇടയില്
ചീവീടും കളകളും.

പാടത്തിനപ്പുറം,
മരത്തിന്റെ താഴത്ത്,
വേടന്റെ അമ്പേറ്റ്
പിടയുന്ന പക്ഷികള്‍.

എന്റെ വ്യര്‍ഥമാം മോഹവും
വിറക്കും കരങ്ങളും,
എന്തിനോ വേണ്ടി
പിന്നെയും വെമ്പുന്നു.

No comments: